പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജംഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം
