KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രണ്ട് ദിവസം ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനിത കണ്ടക്ടര്‍മാര്‍ നല്കിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെയും കെഎസ്ആര്‍ടിസിയുടെയും അഭിപ്രായം കേട്ട് തീരുമാനമെടുക്കാനാണ് കോടതിയുടെ നിര്‍ദേശം.
വനിതാ കണ്ടക്ടര്‍മാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. മൂവായിരത്തോളം വനിതാ കണ്ടക്ടര്‍മാര്‍ സര്‍വീസിലുണ്ട്. ബിഹാര്‍, ഒഡിഷ, കര്‍ണാടക എന്നിവിടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് മാസത്തില്‍ ഒരു ദിവസം ആര്‍ത്തവ അവധി അനുവദിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും ആര്‍ത്തവ അവധി നല്‍കുന്നുണ്ടെന്നും കണ്ടക്ടര്‍മാര്‍ക്കായി ഹാജരായ അഡ്വ. എം അനില്‍കുമാര്‍ വാദിച്ചു.
