വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ പാറ്റ; വിതരണക്കാരന് 10 ലക്ഷം രൂപ പിഴയിട്ട് റെയില്‍വെ
മുംബൈ വന്ദേഭാരതില്‍ യാത്രക്കാർക്ക് വിളമ്പിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. അഹമ്മദാബാദ്-മുംബയ് യാത്രയ്ക്കിടെ വിളമ്പിയ പരിപ്പും ചോറിലുമാണ് ചത്ത പാറ്റയെ കണ്ടെത്തിയത്.മുംബയ് സ്വദേശിയായ യാത്രക്കാരൻ ചിത്രങ്ങളും വീഡിയോയും അടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ കരാറുകാരനെതിരെ റെയില്‍വെ നടപടിയെടുത്തു.
ആർകെ ഗ്രൂപ്പിന് കീഴിലുള്ള ബൃന്ദാവൻ ഫുഡ് പ്രൊഡക്‌ട്സ് എന്ന കരാറുകാരനാണ് ഭക്ഷണം എത്തിച്ചതെന്ന് യാത്രക്കാരൻ ചൂണ്ടിക്കാട്ടി. തന്റെ കോച്ചില്‍ മാത്രം ചുരുങ്ങിയത് രണ്ട് പേർക്കെങ്കിലും ഇത്തരത്തില്‍ മോശം ഭക്ഷണം ലഭിച്ചതായി യാത്രക്കാരൻ വെളിപ്പെടുത്തി. ഇതോടെ കോച്ചിലുണ്ടായിരുന്ന മറ്റെല്ലാ യാത്രക്കാരും ഭക്ഷണം കഴിക്കുന്നത് നിർത്തി. .
സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വെ കാരാറുകാരന് 10 ലക്ഷം രൂപ പിഴ ചുമത്തി സേവനദാതാവിന്റെ കരാർ റദ്ദാക്കുന്നതിനുള്ള നോട്ടീസും നല്‍കി. നിലവില്‍ കരാറുകാരന്റെ അടുക്കള സീല്‍ ചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങള്‍ക്ക് റെയില്‍വെ നിർദ്ദേശം നല്‍കുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിച്ച റെയില്‍വെ, യാത്രക്കാരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് മുൻഗണന നല്‍കുന്നതെന്നും വ്യക്തമാക്കി.
