അഞ്ചുവയസ്സുകാരന്റെ മുന്നിലിട്ട് പിതാവിനെ കൊന്ന് അമ്മയുടെ കാമുകൻ
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയില്‍ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ.തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊടും ക്രൂരത നടന്നത്.
തമിഴ്നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി രസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരുരാത്രി മുഴുവൻ അഞ്ചുവയസ്സുകാരൻ അച്ഛന്റെ മൃതദേഹത്തിനൊപ്പം കാട്ടില്‍ കഴിഞ്ഞു. പിറ്റേ ദിവസം രാവിലെ കാട്ടില്‍ നിന്നും കുട്ടി പുറത്തെത്തി ഗ്രാവവാസികളോട് വിവരം പറഞ്ഞതോടെയാണ് ക്രൂര കൊലപാതകം പുറത്തറിഞ്ഞത്. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്. നരസിംഹലുവുമായി അടുപ്പത്തിലായ യുവതി പിന്നാലെ ഇയാള്‍ക്കൊപ്പം ജീവിക്കാനായി വീട്ടുവിട്ടിറങ്ങുകയായിരുന്നു. വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയില്‍ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്.
അന്വേഷണത്തിനൊടുവില്‍ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാള്‍ ഗാന്ധിയെ മദ്യപിക്കാൻ ക്ഷണിച്ചു. രണ്ട് കൂട്ടാളികളും നരസിംഹലുവിനൊപ്പം ഉണ്ടായിരുന്നു. പ്രതികള്‍ സമീപത്തെ വനമേഖലയിലേക്കാണ് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഞ്ചുവയസ്സുള്ള മകന്റെ മുന്നിലിട്ടായിരുന്നു കൊടും ക്രൂരത. അച്ഛനെ ആക്രമിക്കുന്നത് കണ്ട കുട്ടി പേടിച്ച് ഓടി സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു. പ്രതികള്‍ ഇവിടെ നിന്നും രക്ഷപ്പെട്ട് പോയതോടെയാണ് കുറ്റികാട്ടില്‍ നിന്നും അഞ്ചുവയസുകാരൻ പുറത്ത് വന്നത്.
അഞ്ചുവയസുകാരൻ രാത്രി മുഴുവൻ പിതാവിന്റെ മൃതശരീരത്തിന് അരികില്‍ ചെലവഴിച്ചു. നേരം വെളുത്തതോടെ കുട്ടി കാട്ടില്‍ നിന്നും സമീപത്തെ ഗ്രാമത്തിലെത്തി തന്റെ അച്ഛൻ കൊല്ലപ്പെട്ട വിവരം അറിയിച്ചുകയായിരുന്നു. നാട്ടുകാർ വിവരം പൊലീസില്‍ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെ ഗാന്ധിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
