Latestദേശീയം

വിജയ് ചിത്രം ‘ജനനായകൻ’ ഇന്റര്‍നെറ്റില്‍; ലീക്കായത് മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പതിപ്പ്

റിലീസാകാത്ത വിജയ് ചിത്രം ജനനായകൻ ഇന്റർനെറ്റില്‍. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്.സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റില്‍ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.

രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകൻ. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടല്‍. തെലുങ്കില്‍ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറില്‍ നിന്ന് ആമസോണ്‍ പിന്മാറി എന്ന റിപ്പോർട്ടുകള്‍ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലില്‍ നിന്ന് പിന്മാറാൻ ആമസോണ്‍ പ്രൈമിനെ പ്രേരിപ്പിച്ചത്.