ശ്രീനന്ദയ്‌ക്കായുള്ള തിരച്ചില്‍ മൂന്നാം ദിനവും ഫലം കണ്ടില്ല
മൈസൂരു: ചിക്കമഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ വെച്ച് കാണാതായ പാലക്കാട് സ്വദേശിനിയായ പതിനഞ്ചുകാരി ശ്രീനന്ദയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ മൂന്നാം ദിവസവും ഫലപ്രദമായില്ല.പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകുന്നേരമാണ് യാത്രാസംഘത്തില്‍ നിന്നും കാണാതായത്.കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിലും ബാബാബുഡാൻ ഗിരികുന്നിലും വ്യാപകമായ തിരച്ചിലാണ് വ്യാഴാഴ്ചയും നടത്തിയത്.
ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയില്‍വരെ തെല്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ച് വ്യാഴാഴ്ച പരിശോധന നടത്തിയിട്ടും കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ചൊവ്വാഴ്ച വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തില്‍നിന്ന് കുട്ടിയെ കാണാതാകുന്നത്. ഇതിനിടെ മകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് സംശയമുള്ളതായും ഉടൻ കണ്ടുപിടിച്ചുതരണമെന്നും ആവശ്യപ്പെട്ട് ശ്രീനന്ദയുടെ മാതാപിതാക്കള്‍ ചിക്കമഗളൂരു നോർത്ത് പോലീസില്‍ വ്യാഴാഴ്ച പരാതിനല്‍കി. വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ.
ചിക്കമഗളൂരു ഡെപ്യൂട്ടി കമ്മിഷണർ എൻ.എം. നാഗരാജ, പോലീസ് സൂപ്രണ്ട് ജിതേന്ദ്രകുമാർ ദയാമ എന്നിവർ നേരിട്ടാണ് രക്ഷാപ്രവർത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, ദുരന്തനിവാരണ സേന, വനംജീവനക്കാർ, പോലീസ്, അഗ്നിരക്ഷാസേനാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. കുട്ടിക്കായി തിരച്ചില്‍ ഊർജിതമാക്കണമെന്നും വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെ ഉദ്യോഗസ്ഥർക്ക് നിർദേശംനല്‍കി.
