Latestകേരളം

പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോഴിക്കോട്: പതിനാറുകാരിയെ കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരീപുത്രനായ അദ്‌നാനാണ് (20) കൊലപാതകം നടത്തിയത്. കോഴിക്കോട് മുഴീക്കലില്‍ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തതായാണ് പ്രാഥമിക വിവരം.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നാലെ മുത്തശ്ശിയെയും ഇയാള്‍ കൊല്ലാൻ ശ്രമിച്ചതായാണ് വിവരം. കൊലപാതകശ്രമം പ്രതിരോധിച്ച മുത്തശ്ശി അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടശേഷം പെണ്‍കുട്ടിയുടെ മുറിയിലെത്തിയപ്പോഴാണ് നസ്രീനയെ അബോധാവസ്ഥയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് മുറിതുറന്നുനോക്കുമ്ബോള്‍ അദ്‌നാൻ ആത്മഹത്യചെയ്‌ത നിലയിലായിരുന്നെന്നാണ് വിവരം.

അതേസമയം, അദ്‌നാന്റെ മൃതദേഹത്തില്‍ സെല്ലോടേപ്പ് ചുറ്റിയിരുന്നതായി ഒരു സ്വകാര്യ ചാനല്‍ റിപ്പോർട്ട് ചെയ്യുന്നു. ഇത് അദ്‌നാന്റെ മരണം സംബന്ധിച്ച്‌ സംശയങ്ങള്‍ ജനിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അത് സംബന്ധിച്ച റിപ്പോർട്ടുകള്‍ പുറത്തുവന്നാല്‍ മാത്രമെ കൂടുതല്‍ സ്ഥിരീകരണത്തിലേക്ക് എത്താൻ സാധിക്കുവെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ രാത്രി സുഹൃത്തിന്റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞാണ് അദ്‌നാൻ വീട്ടില്‍ നിന്നിറങ്ങിയത്. അർദ്ധരാത്രിയില്‍ കള്ളത്താക്കോല്‍ ഉപയോഗിച്ചാണ് യുവാവ് പെണ്‍കുട്ടി താമസിച്ചിരുന്ന വീടിനുള്ളില്‍ കയറിയത്. ആറുമാസം മുൻപുവരെ അദ്‌നാനും ഇവിടെയാണ് താമസിച്ചിരുന്നത്. പിന്നീട് സാമ്ബത്തികവിഷയത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് അദ്‌നാൻ വീടുവിട്ടറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. ഇതുസംബന്ധിച്ചുള്ള വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്.