Latestകേരളം

നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ രാമവർമപുരം കുറ്റുമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24) യെയാണ് കീഴ്മാടിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പില്‍ മോഹനന്റെ മകളാണ്. ഭർതൃവിട്ടിലേക്ക് ഞായറാഴ്ച മടങ്ങാനിരിക്കെയാണ് മരണം. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് പോയിരുന്നു. കഴിഞ്ഞ 14നാണ് കൃഷ്ണപ്രിയ വിഷു ആഘോഷിക്കാനായി വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്.

മാതാവ് സുമതി ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീടിന്റെ ഇരുവശത്തെ വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതിനാല്‍ അയല്‍വാസികളെത്തി വീടിന്റെയും കിടപ്പുമുറിയുടേയും വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിന് ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് പോകാൻ ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു. ഭർതൃസഹോദരിയുടെ കുട്ടികള്‍ക്ക് നല്‍കാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ആലുവ സിഐ കെ.ജി. ഗോപകുമാർ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.