എറണാകുളത്ത് യുവാവിനെ ഫ്രൈയിങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
എറണാകുളം : എറണാകുളം പച്ചാളത്ത് മദ്യലഹരിയിലെ തർക്കത്തില്‍ സുഹൃത്തിനെ ഫ്രൈയിങ് പാൻ കൊണ്ട് അടിച്ചു കൊലപ്പെടുത്തി.പച്ചാളം സ്വദേശി ആല് ജൂഡാണ് കൊല്ലപ്പെട്ടത്. പ്രതി സിനോഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആല് ജൂഡും സിനോഷും സുഹൃത്തുക്കളാണ്. സിനോഷിന്റെ പച്ചാളത്തെ വീട്ടില്‍ സ്ഥിരമായി എത്തി മദ്യപിക്കാറുണ്ട് ഇരുവരും.
ഇന്നലെയും ഇത്തരത്തില്‍ ഒന്നിച്ച് ഇരുവരും വീട്ടില്‍ മദ്യപിച്ചു. വീടിന്റെ ടെറസില്‍ മദ്യപാനത്തിനിടെ തർക്കമായി. തർക്കം മൂത്ത് കയ്യാങ്കളിയായി. ഇതിനിടെ ഫ്രൈയിങ് പാനെടുത്ത് സിനോഷ് ആല് ജൂഡിനെ അടിച്ചു. തലയ്ക്കേറ്റ അടിയില്‍ ഇയാള്‍ കൊല്ലപ്പെട്ടു. സിനോഷിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ആളുകളാണ് മൃതദേഹം രാവിലെ കണ്ടത്. തൊട്ടടുത്ത് സിനോഷും കിടക്കുന്നുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോള്‍ സിനോഷ് കുറ്റം സമ്മതിച്ചു.
