മാതമംഗലത്ത് ക്ഷേത്രോത്സവത്തിനിടെ വയോധികയുടെ മാല പൊട്ടിച്ചോടി; കർണാടക സ്വദേശികളായ സ്ത്രീകളെ നാട്ടുകാർ പിടികൂടി
മാതമംഗലം : പുലിയൂർ കാളി ക്ഷേത്രോത്സവത്തിനിടെ വയോധികയുടെ കഴുത്തിൽ നിന്നും അഞ്ചരപ്പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കർണാടകയിലെ ഗുൽബർഗ് സ്വദേശികളായ സ്ത്രീകളാണ് പിടിയിലായത്.
ഉത്സവ സമാപന ദിവസമായ ഞായറാഴ്ച ഉച്ചയോടെയാണ് മാതമംഗലം പറവൂർ സ്വദേശി പി.വി. രോഹിണിയുടെ (76) മാലയാണ് നാലംഗ സംഘം ചേർന്നുകവർന്നത്. കൊറന്തിയമ്മ തെയ്യത്തെ തൊഴാൻ ഭക്തർ വരിനിൽക്കുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. വരിയിൽ നിന്നിരുന്ന രോഹിണിയുടെ പിറകിലുണ്ടായിരുന്ന നാല് സ്ത്രീകൾ ചേർന്ന് പെട്ടെന്ന് മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
മാല പൊട്ടിച്ച ഉടൻ തന്നെ രോഹിണി ബഹളം വെച്ച് ഇവരുടെ പിന്നാലെ ഓടി. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേരെ പിടികൂടുകയായിരുന്നു. എന്നാൽ, സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ടുപേർ തിക്കിനും തിരക്കിനും ഇടയിലൂടെ ഓടി രക്ഷപ്പെട്ടു. ക്ഷേത്രഭാരവാഹികൾ വിവരമറിയിച്ചതിനെ തുടർന്ന് പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പിടികൂടിയ സ്ത്രീകളെ കസ്റ്റഡിയിലെടുത്തു.
ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞ കവർച്ചാ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പിടിയിലായ സ്ത്രീകളിൽ നിന്ന് മാല കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഓടിരക്ഷപ്പെട്ട സ്ത്രീകളുടെ കൈവശമായിരിക്കാം സ്വർണ്ണമാലയെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
