പരസ്യത്തില്‍ തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചു;സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്
പരസ്യത്തില്‍ തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ച പണമിടപാട് സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ് രംഗത്ത്.എ എം ട്രസ്റ്റ് ലോണ്‍ സർവീസസ് എന്ന സ്ഥാപനമാണ് മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കുമെന്ന പരസ്യത്തില്‍ അനുമതിയില്ലാതെ താരത്തിന്റെ ചിത്രം ഉപയോഗിച്ചതെന്ന് നടന്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ മുമ്പും അഭിനേതാക്കളുടെ ചിത്രം ഉപയോഗിച്ച് പരസ്യങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ സ്ഥാപനം ചിത്രവും പേരും ഉപയോഗിക്കുന്നതെന്നും ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അജു വർഗീസ് വ്യക്തമാക്കി. ഇത്തരം വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു. ലോണ്‍ ആപ്പുകള്‍ വഴി പണം നഷ്ടമാകുന്ന സാഹചര്യങ്ങള്‍ വർധിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ നടന്‍ നേരിട്ട് വിശദീകരണവുമായി എത്തിയത്.
