Latestകേരളം

ഉഷ്ണതരംഗത്തിന് സാധ്യത; കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി ക്രമാതീതമായ ചൂടാണ് കേരളത്തില്‍ രേഖപ്പെടുത്തുന്നത്.

സാധാരണയേക്കാള്‍ 2 മുതല്‍ 3 വരെ ഡിഗ്രി ചൂടാണ് വേനല്‍കാലത്തിന്റെ ആരംഭത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍, പിന്നീട് അത് മൂന്ന് മുതല്‍ നാല് ഡിഗ്രിവരെ എത്തി. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് ഇന്ന് നാല് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. പാലക്കാട് ജില്ലയില്‍ ഇന്ന് ചൂട് 41 ഡിഗ്രി സെല്‍ഷ്യസിലേക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്.

പകല്‍ 11 മുതല്‍ 3 വരെ പുറത്തിറങ്ങരുത്: ഈ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കുക. കൊവിഡ് കാലത്തെപ്പോലെ ഇതൊരു ‘സെല്‍ഫ് ലോക്ക്ഡൗണ്‍’ സമയമായി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. വീടിനകത്തും തൊഴിലിടങ്ങളിലും നല്ല വായുസഞ്ചാരം ഉറപ്പാക്കണം.

വെള്ളവും ഭക്ഷണവും: ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കുക. നിർജ്ജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങള്‍ ഒഴിവാക്കാം. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

വസ്ത്രധാരണം: ഇളം നിറത്തിലുള്ള, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്ബോള്‍

കുട, പാദരക്ഷകള്‍, സണ്‍ഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ: പ്രായമായവർ, കുട്ടികള്‍, ഗർഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ, ഹൃദ്രോഗം, പ്രമേഹം, കാൻസർ, ചർമരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരും ആല്‍ബനിസം ബാധിച്ചവരും ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക.

പൊതുപരിപാടികള്‍ക്ക് നിയന്ത്രണം: പകല്‍ 11 മുതല്‍ 3 വരെ തുറസ്സായ സ്ഥലങ്ങളിലെ പൊതുയോഗങ്ങള്‍, കലാകായിക പരിപാടികള്‍ എന്നിവ പാടില്ല. ഉത്സവങ്ങളിലെ പകല്‍പ്പൂരങ്ങള്‍, ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. തീപിടുത്ത സാധ്യതകള്‍ക്കെതിരെ കനത്ത കരുതല്‍ വേണം.

മിണ്ടാപ്രാണികളെ മറക്കരുത്: വളർത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും കുടിവെള്ളവും തണലും ഉറപ്പാക്കണം. പകല്‍ സമയത്ത് അവയെ മേയാൻ വിടരുത്. കടുത്ത ചൂടില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുമെന്നതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത വേണം