Latestകേരളം

വിരമിച്ചിട്ടും കാറില്‍ ത്രീ സ്റ്റാര്‍ ബോര്‍ഡ്; ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം

കോട്ടയം വിരമിച്ച മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ടോമിൻ തച്ചങ്കരി തന്റെ വാഹനത്തില്‍ ഔദ്യോഗിക പദവിയെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങള്‍ അനധികൃതമായി പ്രദർശിപ്പിച്ചതില്‍ അന്വേഷണം.സംഭവത്തില്‍ കോട്ടയം എസ്പിയോട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടി.

ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറില്‍ നന്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക ചിഹ്നം ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു.

തച്ചങ്കരി സേവനത്തില്‍നിന്ന് വിരമിച്ച്‌ മൂന്നു വർഷക്കാലവും ഈ ബോർഡ് വെച്ചുകൊണ്ടാണ് യാത്ര ചെയ്തിരുന്നതെന്നും പലയിടങ്ങളിലും വെച്ച്‌ ഇത്തരത്തില്‍ നക്ഷത്ര ചിഹ്നമുള്ള കാർ ഉപയോഗിച്ചിരുന്നതായും നേരത്തെ വിവരം ഉണ്ടായിരുന്നു. വാർത്ത വന്നതിന് പിന്നാലെ തച്ചങ്കരിക്കെതിരേ പരാതികളും ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.