Latestസ്‌പോര്‍ട്‌സ്‌

മത്സരത്തിനിടെ ഇ-സിഗരറ്റ് വലിക്കുന്ന റിയാന്‍ പരാഗിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്, കടുത്ത നടപടിക്ക് സാധ്യത

ഐപിഎല്‍ മത്സരത്തിനിടെ ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ് വിവാദത്തില്‍.പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച മുല്ലൻപൂരിലെ മഹാരാജ യാദവീന്ദ്രസിങ് സ്റ്റേഡിയത്തിലെ മത്സരത്തിനിടെയായിരുന്നു സംഭവം.

ക്യാപ്റ്റന്‍ പുറത്തായി ഡ്രസ്സിങ് റൂമിലെത്തി നിമിഷങ്ങള്‍ക്കകമായിരുന്നു സംഭവം. മത്സരത്തിന്റെ പതിനാറാം ഓവറില്‍ ബ്രോഡ്കാസ്റ്റ് ക്യാമറ ഡ്രസ്സിങ് റൂമിലേക്ക് തിരിഞ്ഞപ്പോഴാണ് പരാഗ് പെട്ടത്. വിഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതോടെ റിയാന്‍ പരാഗിനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മത്സരത്തിനും സ്പോര്‍ട്സ് താരത്തിനും നിരക്കാത്ത പ്രവൃത്തിയാണ് പരാഗിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് റോയല്‍സ് ആരാധകര്‍ ഉള്‍പ്പെടെ പറയുന്നത്. നിയമവശം പരിശോധിക്കുകയാണെങ്കിലും ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവാണ്.

ഇന്ത്യയില്‍ 2019-ലെ ‘ദ പ്രൊഹിബിഷൻ ഓഫ് ഇലക്‌ട്രോണിക് സിഗരറ്റ്സ് ആക്‌ട്’ പ്രകാരം ഇ-സിഗരറ്റുകളുടെ ഉത്പാദനം, വില്‍പന, ഇറക്കുമതി, പരസ്യം ചെയ്യല്‍ എന്നിവ ഉള്‍പ്പെടെ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നത് തടവുശിക്ഷയ്ക്കും വലിയ തുക പിഴയടക്കലും ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് വഴിയൊരുക്കും.