ഉച്ചത്തില്‍ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികള്‍ ചത്തു,കേസെടുത്ത് പൊലീസ്
ഉത്തർപ്രദേശിലെ സുല്‍ത്താൻപൂർ ജില്ലയില്‍ വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികള്‍ ചത്തതായി പരാതി. ഏപ്രില്‍ 25-ന് ആണ് സംഭവം.കോഴി ഫാം ഉടമയായ സാബിർ അലി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബബ്ബൻ വിശ്വകർമ്മ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവയില്‍ നിന്നും നീങ്ങുന്നതിനിടെയാണ് സാബിർ അലിയുടെ ഫാമിന് മുന്നിലെത്തിയത്. രാത്രി 9:30-ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി ഘോഷയാത്ര എത്തിയപ്പോള്‍ കോഴികള്‍ പരിഭ്രാന്തരാവുകയും, കഠിനമായ ശബ്ദം താങ്ങാനാവാതെ 140 പക്ഷികള്‍ ചത്തുവീഴുകയുമായിരുന്നു എന്ന് സാബിർ അലി പറയുന്നു.
ഹൈ-ഡെസിബെല്‍ ശബ്ദം നേരിട്ട് കോഴികളുടെ മരണത്തിന് കാരണമായെന്ന് അദ്ദേഹം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തില്‍ പാഴ്സിപൂർ സ്വദേശിയായ ഡിജെ ഓപ്പറേറ്റർ കവി യാദവിനെതിരെ പോലീസ് കേസെടുത്തു.
അനുവദനീയമായ പരിധിയില്‍ കൂടുതല്‍ ശബ്ദം ഉപയോഗിച്ചിട്ടുണ്ടോ എന്നും ശബ്ദനിലവാരം കോഴികളുടെ മരണത്തിലേക്ക് നയിച്ചോ എന്നും പോലീസ് പരിശോധിച്ചുവരികയാണ്. തീവ്രമായ ശബ്ദതരംഗങ്ങള്‍ പക്ഷികളിലും മൃഗങ്ങളിലും കടുത്ത സമ്മർദ്ദമുണ്ടാക്കുമെന്നും ഇത് ഹൃദയാഘാതത്തിന് വരെ കാരണമായേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
തനിക്കുണ്ടായ നഷ്ടത്തിന് ഉത്തരവാദി ഡിജെ പാട്ടുകളാണെന്ന് ഉടമ ആരോപിക്കുമ്പോഴും, ഡിജെ ഓപ്പറേറ്ററോ വിവാഹ വീട്ടുകാരോ ഇതുവരെ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
