ഇടിമിന്നലേറ്റ് വീടിന്റെ ചുമര് ഇടിഞ്ഞു വീണു; ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്ക്
തൃശൂർ: ഇടിമിന്നലേറ്റ് വീടിന്റെ ചുമര് വീണു മൂന്നു പേർക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടില്‍ മനോജ്, ഭാര്യ സ്മൃതി(മുൻ നഗരസഭാ കൗണ്‍സിലർ), മകള്‍ ധ്വനി എന്നിവർക്കാണ് പരിക്കേറ്റത്.ശക്തമായ ഇടിമിന്നല്‍ വീടിന്റെ ചുമരില്‍ പതിക്കുകയും ചുമർ തകർന്നു ഉറങ്ങിക്കിടന്നിരുന്ന ഇവരുടെ ദേഹത്തേക്ക് തെറിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം ഇടുക്കിയില്‍ മംഗളദേവി ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ ആറ് പേർക്ക് ഇടിമിന്നലേറ്റു. 5 തമിഴ്‌നാട് സ്വദേശികള്‍ക്കും ഇടുക്കി എആർ ക്യാമ്പിലെ ഒരു പൊലീസുകാരനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കുമളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല
പരിക്കേറ്റവരുടെ നില വലിയ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൊല്ലം സ്വദേശിയും ഇടുക്കി എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ അൻസാറിനാണ് മിന്നലേറ്റത്.
സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി വേനല്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശമുണ്ട്. മഴ സാഹചര്യം കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പുളളത്.
കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയില്‍ സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളില്‍ മഴക്കെടുതികള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേനല്‍ മഴ ശക്തി പ്രാപിച്ചതിന് പിന്നാലെ സംസ്ഥാനത്തെ താപനില കുറയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം പാലക്കാട് ജില്ലയില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തി.
