ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേല്‍പ്പിക്കാനാവില്ല; സുപ്രീം കോടതി
ഡൽഹി: ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പെണ്‍കുട്ടിയുടെ ഗർഭച്ഛിദ്രത്തില്‍ നിർണായക ഇടപെടലുമായി സുപ്രീം കോടതി.ആഗ്രഹിക്കാത്ത ഗർഭധാരണം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും കുട്ടി പഠിക്കേണ്ട സമയമാണ്, ആ കുട്ടിയോട് അമ്മയാകാൻ പറയാൻ സാധിക്കില്ല.
അത്തരമൊരു ആഘാതം അടിച്ചേല്‍പ്പിക്കാൻ സാധിക്കില്ല എന്നും കോടതി വ്യക്തമാക്കി. ഗർഭസ്ഥശിശുവിന് 30 ആഴ്ച പ്രായമുണ്ടെന്നും കുഞ്ഞ് ജനിച്ചാല്‍ ദത്ത് നല്‍കാം എന്നും അഡീഷണല്‍ സോളിസിറ്റർ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചപ്പോഴായിരുന്നു കോടതിയുടെ മറുപടി.
ഈ സാഹചര്യത്തില്‍ ഗർഭച്ഛിദ്രം നടത്തിയാല്‍ ഭ്രൂണം ജീവനോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും മാത്രമല്ല പെണ്‍കുട്ടിക്ക് ജീവിതകാലം മുഴുവൻ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും എന്നും അഡീഷണല്‍ സോളിസിറ്റർ ജനറല്‍ വാദിച്ചു. എന്നാല്‍ ദത്തു നല്‍കാനാണെങ്കില്‍ തെരുവില്‍ ഒട്ടേറെ കുട്ടികളുണ്ട് പെണ്‍കുട്ടിയുടെ അഭിപ്രായമാണ് വലുത്,
കാര്യങ്ങള്‍ പെണ്‍കുട്ടിയേയും കുടുംബത്തേയും അറിയിച്ച് തീരുമാനം കൈക്കൊള്ളാൻ പറയണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചിയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്. ഗർഭിണിയായതിനി പിന്നാലെ മാനസികമായി തകർന്ന പെണ്‍കുട്ടി പലതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായാണ് റിപ്പോർട്ടുകള്‍.
