‘ഭാര്യയ്ക്ക് വണ്ണം; പാല്‍കോവയില്‍ വിഷം നല്കി യുവതിയെ കൊലപ്പെടുത്തി ഭര്‍ത്താവ്
ആന്ധ്രപ്രദേശിലെ കടപ്പയില്‍ ഭാര്യയുടെ ശരീരഭാരം കൂടിയെന്ന കാരണത്താല്‍ സോഫ്റ്റ്വെയർ എൻജിനീയറായ ഭർത്താവ് യുവതിയെ വിഷം നല്കി കൊലപ്പെടുത്തി.കടപ്പ പ്രോഡുത്തൂർ സ്വദേശി കിരണ്‍ ആണ് ഭാര്യ പദ്മജയെ ക്രൂരമായി കൊലപ്പെടുത്തിയത്.
വിവാഹസമയത്ത് തന്നെ പദ്മജയ്ക്ക് കിരണിനേക്കാള്‍ വണ്ണം കൂടുതലായിരുന്നു. വിവാഹശേഷം ഭാരം വീണ്ടും വർദ്ധിച്ചതോടെ കിരണ്‍ പദ്മജയെ നിരന്തരം പരിഹസിക്കുകയും നിർബന്ധിച്ച് വണ്ണം കുറയ്പ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പദ്മജയുടെ ശ്രമങ്ങള്‍ വിജയിക്കാതെ വന്നതോടെ കിരണ്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
പദ്മജയുടെ പേരിലുള്ള സ്വത്തുക്കള്‍ കൈക്കലാക്കാൻ വേണ്ടിയാണ് കിരണ്‍ വിവാഹത്തിന് സമ്മതിച്ചതും പദ്മജയുടെ വീട്ടില്‍ താമസിച്ചതും.
കൊലപാതകം നടത്താനുള്ള വഴികള്‍ കിരണ്‍ യൂട്യൂബിലൂടെയാണ് കണ്ടെത്തിയത്. യൂട്യൂബില്‍ കണ്ട ഒരു നമ്പറില്‍ വിളിച്ച് വിഷം സംഘടിപ്പിച്ച ഇയാള്‍, സംശയം തോന്നാതിരിക്കാൻ പദ്മജയെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് അതിയായ സ്നേഹം പ്രകടിപ്പിച്ച് വിശ്വസിപ്പിച്ച ശേഷം, മധുരപലഹാരമായ പാല്‍കോവയില്‍ വിഷം കലർത്തി നല്കി. വിഷം ഉള്ളില്‍ ചെന്ന് പദ്മജ ബോധരഹിതയായെങ്കിലും മരണം സംഭവിച്ചില്ല. ഇതോടെ കിരണ്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
പദ്മജയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നാണ് കിരണ്‍ വീട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ പദ്മജയുടെ വീട്ടുകാർ പോലീസില്‍ പരാതി നല്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തുകയും ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാവുകയും ചെയ്തു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കിരണ്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
