Latestകേരളം

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; പരിശോധിക്കാൻ മെഡിക്കൽ ബോർഡിനെ രൂപീകരിച്ചെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി ആണ് ആരോഗ്യവകുപ്പിന്റെ സംശയം. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം.

നിപ, കോവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിനാണ് അന്വേഷണ ചുമതല.