Latestദേശീയം

15 ഗ്രാം ലെയ്സ് പാക്കറ്റിൽ വെറും 4 ഗ്രാം ചിപ്സ്: പിഴയും നഷ്ടപരിഹാരവും വിധിച്ച് ഉപഭോക്തൃ കോടതി

ജയ്പൂർ: ലെയ്സ് ഉരുളക്കിഴങ്ങ് ചിപ്സ് പാക്കറ്റിന് പുറത്ത് 15 ഗ്രാം എന്ന് രേഖപ്പെടുത്തി ഉള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രം നൽകിയ കേസിൽ പെപ്സികോ ഇന്ത്യ ഹോൾഡിങ്സ് പ്രൈവറ്റ് ലിമിറ്റഡിന് ജയ്പൂർ ഉപഭോക്തൃ കോടതിയുടെ പ്രഹരം.നിർമ്മാണത്തിലും സേവനത്തിലും ഗുരുതരമായ വീഴ്ചയും അധാർമ്മിക വ്യാപാര രീതിയും കാണിച്ച കമ്പനി പരാതിക്കാരന് പണം പലിശ സഹിതം തിരികെ നൽകുന്നതിനൊപ്പം നഷ്ടപരിഹാരവും നൽകണമെന്ന് ജയ്പൂർ ഡിസ്ട്രിക്റ്റ് കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസൽ കമ്മീഷൻ-2 ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് അശോക് ശർമ്മ, അംഗങ്ങളായ അജയ് കുമാർ, സുപ്രിയ അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജയ്പൂരിലെ ജലൻ ബിൽഡിംഗ് ആൻഡ് ഹാർഡ്‌വെയർ സ്റ്റോർ ഉടമയായ ചന്ദ്രമാൻ ജലനാണ് പെപ്സികോയ്ക്കും മെട്രോ കാഷ് ആൻഡ് കാരിക്കുമെതിരെ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2020 നവംബർ 10-ന് വീട്ടിലെത്തിയ അതിഥികൾക്ക് നൽകാനായി മെട്രോ കാഷ് ആൻഡ് കാരിയിൽ നിന്ന് ഇദ്ദേഹം ലെയ്സ് ചിപ്സ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങിയിരുന്നു. എന്നാൽ വീട്ടിലെത്തി അതിഥികൾക്ക് വിളമ്പുന്നതിനിടെ ചിപ്സ് പാക്കറ്റിന് അസ്വാഭാവികമായ ഭാരക്കുറവ് അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 15 ഗ്രാം നെറ്റ് വെയ്റ്റ് രേഖപ്പെടുത്തിയ പാക്കറ്റിനുള്ളിൽ വെറും 4 ഗ്രാം ചിപ്സ് മാത്രമേയുള്ളൂവെന്ന് വ്യക്തമായത്. വിഷയം കച്ചവടക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും മതിയായ പരിഹാരം ലഭിക്കാതെ വന്നതോടെ 2022 ഏപ്രിൽ ആറിന് ചന്ദ്രമാൻ ജലൻ ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കോടതി നോട്ടീസ് അയച്ചിട്ടും പെപ്സികോ പ്രതിനിധികൾ ഹാജരാകാത്തതിനെ തുടർന്ന് കമ്പനിക്കെതിരെ ഏകപക്ഷീയമായാണ് കോടതി നടപടികൾ പൂർത്തിയാക്കിയത്.