Latestകണ്ണൂര്‍കേരളം

പരിയാരം മെഡിക്കൽ കോളേജിന് സമീപം തീപിടുത്തം; പെട്ടിക്കടയും ലോട്ടറി സ്റ്റാളും കത്തിനശിച്ചു

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് സമീപം പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ പെട്ടിക്കടയും ലോട്ടറി സ്റ്റാളും പൂർണ്ണമായും കത്തിനശിച്ചു. സർവീസ് റോഡരികിൽ പ്രവർത്തിക്കുന്ന കടന്നപ്പള്ളി സ്വദേശി സി.വി. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള പെട്ടിക്കടയ്ക്കാണ് ആദ്യം തീപിടിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

​കടയിൽ നിന്ന് തീ ഉയരുന്നത് കണ്ട ഉടൻ പരിയാരം പോലീസ് പയ്യന്നൂർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. പയ്യന്നൂരിൽ നിന്ന് ഒരു യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സീനിയർ ഫയർ ഓഫീസർ എൻ. മുരളിയുടെ നേതൃത്വത്തിൽ ജീവനക്കാരായ കെ.വി. വിപിൻ, ജിനോ ജോൺ, എം.എസ്. അഖിൽ, എസ്. ജിഷ്ണു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

രാമചന്ദ്രന്റെ കടയിൽ നിന്ന് പടർന്ന തീ തൊട്ടടുത്തുള്ള കുളപ്പുറം സ്വദേശി യു.കെ. സുധാകരന്റെ ‘നന്ദന’ ലോട്ടറി സ്റ്റാളിലേക്കും വ്യാപിച്ചു. രണ്ട് കടകളിലെയും സാധനസാമഗ്രികൾ പൂർണ്ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.