Latestകേരളം

സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പാറപ്പുറത്ത് നിന്ന് കാല്‍ വഴുതി വീണ് മുങ്ങിമരിച്ചു

കോതമംഗലം: സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി പാറപ്പുറത്ത് നിന്ന് കാല്‍ വഴുതി വീണ് മുങ്ങിമരിച്ചു.കോതമംഗലം പുഴയിലെ കുംഭപ്പിള്ളി കടവില്‍ സഹപാഠികള്‍ക്കൊപ്പം കുളിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. പാലക്കാട് ആനക്കര മലമക്കാവ് മുതിരപ്പാറ വീട്ടില്‍ എം എസ് അനീഷിന്റെ മകൻ എം എ അതുല്‍ (19) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം 4.30-ഓടെ പുതുപ്പാടി മുളവർ കവലയ്ക്ക് സമീപമുള്ള കുംഭപ്പിള്ളി കടവിലായിരുന്നു അപകടം. പുതുപ്പാടി എല്‍ദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം സെമസ്റ്റർ ബി സിഎ വിദ്യാർത്ഥിയാണ് അതുല്‍. ആറംഗ സുഹൃദ്സംഘത്തോടൊപ്പമാണ് അതുല്‍ പുഴയില്‍ എത്തിയത്. പുഴയിലെ പാറപ്പുറത്ത് നില്‍ക്കുന്നതിനിടെ കാല്‍ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി നടത്തിയ തിരച്ചിലില്‍, വീണ സ്ഥലത്തുനിന്ന് 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കെ സുധയാണ് മാതാവ്, ആതിര ഏക സഹോദരിയാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.