മകളുടെ വിവാഹത്തിന് വീടൊരുക്കാൻ പെയിന്റ് വാങ്ങി മടങ്ങവെ അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: മകളുടെ വിവാഹത്തിരക്കുകള്‍ക്കിടയില്‍ അമ്മ വാഹനാപകടത്തില്‍ മരിച്ചു.വടക്കുമുറി സ്വദേശി വി. ശാന്ത (കനകം-50) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൃശൂർ-പാലക്കാട് ദേശീയപാതയില്‍ കണ്ണാടി വടക്കുമുറിയിലായിരുന്നു അപകടം.
റോഡ് മുറിച്ചുകടന്ന് വശത്തുകൂടി നടന്നുപോവുകയായിരുന്ന ശാന്തയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് കാറും ഡ്രൈവർ കരിങ്കരപ്പുള്ളി സ്വദേശി പ്രശാന്തിനെയും ടൗണ്‍ സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ വിവാഹത്തിനായി വീടൊരുക്കുന്ന ഓട്ടപ്പാച്ചിലിനിടയിലാണ് ശാന്തയെ മരണം തട്ടിയെടുത്തത്.
ഇളയ മകളുടെ വിവാഹനിശ്ചയമാണ് നടത്താനിരുന്നത്. വടക്കുമുറിയില്‍തന്നെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇളയ മകള്‍. ഭർത്താവ്: പരേതനായ മുരളി. മക്കള്‍: നീതു, തുളസി, നിത്യ.
