വിജയ് എൻ്റെ ക്ലാസ്മേറ്റായിരുന്നു, പറഞ്ഞതെല്ലാം നുണ’: മുഖ്യമന്ത്രിയുടെ ദാരിദ്ര്യ അവകാശവാദങ്ങളെ തള്ളി മനു ജോസഫ്
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ തന്റെ കുട്ടിക്കാലത്തെ ദാരിദ്ര്യത്തെക്കുറിച്ച് വിജയ് നടത്തിയ പരാമർശങ്ങള്‍ പച്ചക്കള്ളമാണെന്ന് എഴുത്തുകാരൻ മനു ജോസഫ്.ചെന്നൈയിലെ ലോയോള സ്കൂളില്‍ മൂന്നാം ക്ലാസില്‍ തങ്ങള്‍ സഹപാഠികളായിരുന്നുവെന്നും അന്ന് വിജയുടെ പിതാവ് അറിയപ്പെടുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്നുവെന്നും മനു ജോസഫ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയെന്ന നിലയിലുള്ള ആദ്യ പ്രസംഗത്തില്‍, താൻ ദാരിദ്ര്യത്തിലും വിശപ്പിലുമാണ് വളർന്നതെന്നും ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായിരുന്നു താനെന്നുമാണ് വിജയ് പറഞ്ഞത്. എന്നാല്‍ ഇത് തികച്ചും തെറ്റായ വിവരമാണെന്ന് മനു ജോസഫ് പറഞ്ഞു. “താൻ ദരിദ്രനായിരുന്നുവെന്നും വിശപ്പിന്റെ വില അറിയാമെന്നും വിജയ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹം ലോയോള സ്കൂളില്‍ എന്റെ സഹപാഠിയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അച്ഛൻ മകന്റെ സിനിമാ കരിയർ ഉറപ്പിക്കാൻ ശ്രമിക്കുന്ന തിരക്കുള്ള സംവിധായകനായിരുന്നു. സിനിമയിലെ ചില പ്രതിസന്ധികളെ ദാരിദ്ര്യമായി കാണാനാവില്ല. സമ്പന്നരായ കുട്ടികള്‍ താല്‍ക്കാലികമായി പണമില്ലാതാകുന്ന അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്,” മനു ജോസഫ് കുറിച്ചു
