Latestകേരളം

കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. റെഡ് അലർട്ടിനെ തുടർന്ന് കോഴിക്കോട്, കാസർകോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

കാസർകോട്

‘ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ അതിതീവ്ര മഴയ്ക്കുള്ള സാധ്യത (റെഡ് അലർട്ട് ) പ്രവചിക്കപ്പെട്ട പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു’ ജില്ലാ കളക്ടർ അറിയിച്ചു.

പ്രൊഫഷണൽ കോളേജുകൾ, സ്‌കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകൾ,

കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.

മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.

വയനാട്
അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; നാളെ (06.06.2026, ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കോഴിക്കോട് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും വരും ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും നാളെ (06.06.2026 – ശനിയാഴ്ച) അവധിയായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും സർവകലാശാല പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ല.