Latestകേരളം

നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

കൊച്ചി: നടി അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ. അന്‍സിബ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദം സൃഷ്ടിക്കുകയാണെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു.

’10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് അന്‍സിബയ്‌ക്കെതിരെ അഡ്വ. കൃഷ്ണരാജ് മുഖേന കേസ് ഫയല്‍ ചെയ്യും. അന്‍സിബ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന, എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അന്‍സിബ സംസാരിച്ചു. 10 വയസുള്ള മകളെ അപമാനിക്കുന്ന തരത്തില്‍ അധിക്ഷേപിച്ചു’, ലക്ഷ്മിപ്രിയ പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചെന്ന് ലക്ഷ്മിപ്രിയ പ്രതികരിച്ചു. അമ്മ സംഘടനയില്‍ വെണ്ണല മഹാദേവ ക്ഷേത്രത്തിന്റെ ഫണ്ട് സ്വീകരിച്ചതാണ് അന്‍സിബയെ ട്രിഗര്‍ ചെയ്തതെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു. അമ്മ എന്നത് ചാരിറ്റി ട്രസ്റ്റാണെന്നും എവിടെ നിന്നും സംഭാവന സ്വീകരിക്കാമെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.

അൻസിബയക്കെതിരെ ഗുരുതര പരാമർശങ്ങളാണ് ലക്ഷ്മിപ്രിയ നടത്തിയത്. മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നുവെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു. ‘മതചിഹ്നം വരാൻ പാടില്ല എന്നുള്ളതാണ് അൻസിബ വാശിപിടിച്ചത്. അതുകൊണ്ടാണ് മത വർഗീയവാദികൾ പിന്നിലുണ്ട് എന്ന് ഞാൻ പറഞ്ഞത്. അമ്മ ക്ഷേത്രങ്ങളോ പള്ളികളോ ആര് ഫണ്ട് തന്നാലും സ്വീകരിക്കും’, ലക്ഷ്മിപ്രിയ പറഞ്ഞു.