Latestകേരളം

ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൊച്ചി: നോർത്ത് പറവൂർ പെരുവാരം ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.ഏലൂർ നോർത്ത് പാട്ടുപുരയ്ക്കല്‍ സമീപം തടത്തിപ്പറമ്പില്‍ ആദർശ് (15) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പെരുവാരം ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള കുളത്തില്‍ അപകടമുണ്ടായത്.

പാനായിക്കുളം ലിറ്റില്‍ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ആദർശ്, ട്യൂഷൻ പഠിക്കുന്ന സ്ഥാപനം പെരുവാരം ടർഫില്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂർണമെന്റില്‍ പങ്കെടുത്ത ശേഷം കൂട്ടുകാരോടൊപ്പം മടങ്ങുന്നതിനിടെയാണ് കുളിക്കാനിറങ്ങിയത്.

കൂടെയുണ്ടായിരുന്നവരില്‍ ചിലർ കുളത്തില്‍ നീന്തിക്കയറിയെങ്കിലും ഇതിനിടെ വെള്ളത്തില്‍ താണുപോയ ആദർശിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

കുട്ടികള്‍ കരയുന്നത് കേട്ട് നാട്ടുകാരും വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. തുടർന്ന് അഗ്നിരക്ഷാസേന സ്കൂബാ സെറ്റ് ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പറവൂർ താലൂക്ക് സർക്കാർ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.