അധികമായി എക്സ്ട്രാ ലൈറ്റുകൾ ;ആംബുലൻസിന് 5500 രൂപ പിഴയിട്ട് എംവിഡി
കൊച്ചി : മോഡിഫിക്കേഷൻ നടത്തിയെന്നാരോപിച്ച് ആംബുലൻസിന് 5,500 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. കാലടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ആംബുലൻസിനാണ് നടപടി. വാഹനത്തിൽ അധികമായി എക്സ്ട്രാ ലൈറ്റുകൾ ഘടിപ്പിച്ചതാണ് പിഴയ്ക്ക് കാരണമായത്.
ആംബുലൻസിന്റെ മുകൾഭാഗത്ത് രണ്ട് അധിക ലൈറ്റുകൾ സ്ഥാപിച്ചിരുന്നതായി മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതേ തുടർന്നാണ് പിഴ ചുമത്തിയത്.
എന്നാൽ, കാട്ടാന ശല്യം രൂക്ഷമായ മേഖലയായതിനാലാണ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതെന്ന് കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ അധികൃതർ വിശദീകരിച്ചു. വന്യമൃഗ ശല്യം കൂടുതലുള്ള മലയോര മേഖലയിലാണ് ആംബുലൻസ് സർവീസ് നടത്തുന്നത്. പ്ലാന്റേഷനിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ അടിയന്തര ചികിത്സാ ആവശ്യങ്ങൾക്ക് ഈ ആംബുലൻസിനെയാണ് ആശ്രയിക്കുന്നത്.
