Latestകേരളം

ഇ-ചെല്ലാൻ’ പേരിൽ വ്യാപക സൈബർ തട്ടിപ്പ്; വ്യാജ സന്ദേശങ്ങളിൽ വീഴരുത്

തിരുവനന്തപുരം : ‘ഇ-ചെല്ലാൻ’ പേരിൽ വാട്‌സ്ആപ്പിലൂടെയും എസ്.എം.എസ് വഴിയും വ്യാപകമായി പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും അത് ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും കാണിച്ച് ഔദ്യോഗിക സന്ദേശങ്ങൾക്ക് സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയക്കുന്നത്.

ഈ സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ APK ഫയലുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ മൊബൈൽ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ഇ-ചെല്ലാൻ പരിശോധിക്കാനോ പിഴ അടയ്ക്കാനോ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഗതാഗത വകുപ്പോ പോലീസോ വാട്‌സ്ആപ്പ് വഴി പിഴയടക്കാനുള്ള ഡയറക്ട് ലിങ്കുകളോ APK ഫയലുകളോ ഒരിക്കലും അയക്കാറില്ലെന്നും വകുപ്പ് വ്യക്തമാക്കി.

ഇത്തരം തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടാൽ സമയം കളയാതെ 1930 എന്ന ദേശീയ സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യണമെന്നും ബന്ധപ്പെട്ട സൈബർ ക്രൈം പോർട്ടലിൽ പരാതി നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.