Latestകേരളം

ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവം; അമ്മയെ മരട് പോലീസ് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു

എറണാകുളം: ചോരക്കുഞ്ഞിനെ തട്ടുകടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ ഉടുമ്പൻചോല സ്വദേശിനിയായ അമ്മയെ മരട് പോലീസ്, സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.വിവാഹബന്ധം വേർപ്പെടുത്തിയ യുവതിക്ക് 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്.

സൂപ്പർ മാർക്കറ്റില്‍ ജോലിക്കു പോയിരുന്ന ഇവർക്കു കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലെടുക്കാൻ പറ്റാതായി. തുടർന്നാണ് ഇവർ മുൻ പരിചയമുള്ള യുവാവിനൊപ്പം കുണ്ടന്നൂരില്‍ വാടകയ്ക്ക് താമസിച്ചു തുടങ്ങിയത്. ഈ യുവാവ് ഇടുക്കിയിലാണെന്നാണ് യുവതി പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടും, അനാരോഗ്യവും മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവന്നതെന്നും ഇവർ പറഞ്ഞു. തുടർന്ന് പോലീസ് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിടുകയായിരുന്നു.

നവജാതശിശുവിനെ വഴിയരികിലെ തട്ടുകടയില്‍ സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി ഉപേക്ഷിച്ചത്. മരട് പോലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ തിരച്ചിലിലാണ് അമ്മയെയും, കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച പുതിയകാവ് സ്വദേശിയായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്. ഈ യുവാവിനെയും സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു.

ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സഹായിച്ച സുഹൃത്ത് തന്നെയാണ് ഈ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചത്.

എറണാകുളത്തു നിന്ന് വീട്ടിലേക്കു മടങ്ങുംവഴി ചായ കുടിക്കാൻ തട്ടുകടയില്‍ കയറിയപ്പോള്‍ കരച്ചില്‍കേട്ട് നോക്കിയപ്പോള്‍ ബെഞ്ചില്‍ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. യുവാവിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.