Latestദേശീയം

പൂനെയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 65കാരന് വധശിക്ഷ

പൂനെ: പൂനെയില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. 65കാരനായ ഭിമ്രാവോ കംബ്ലേക്കാണ് പൂനെ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എസ് ആര്‍ സലുന്‍ഖെ വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി. പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വിലയിരുത്തിയിരുന്നു.

ഇക്കഴിഞ്ഞ മെയ് ഒന്നിന് പൂനെയിലെ നസ്രാപുര്‍ ജില്ലയിലായിരുന്നു സംഭവം നടന്നത്. പലഹാരം വാങ്ങി നല്‍കാമെന്നും പശുക്കിടാവിനെ കാണിച്ചു നല്‍കാമെന്നും പറഞ്ഞായിരുന്നു കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും മൃതദേഹം പശുത്തൊഴുത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പരിശോധന നടത്തിയെങ്കിലും കണ്ടെത്തായാനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യം കണ്ടെത്തി. ഇതില്‍ പ്രതിക്കൊപ്പം കുട്ടി പോകുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.