നെന്മാറ അയിലൂർ ഗവ. യു.പി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി
പാലക്കാട്.നെന്മാറ അയിലൂർ ഗവ. യു.പി സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ചതായി പരാതി.തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. സ്കൂളില്‍ വിദ്യാർത്ഥികള്‍ തമ്മില്‍ ചെറിയ അടിപിടിയുണ്ടായതിനെ തുടർന്ന് കുട്ടികളെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇവിടെ വെച്ച് സോഷ്യല്‍ സയൻസ് അധ്യാപകനായ ഉദയൻ കണ്ണിന് താഴെ ഇടിച്ചെന്നാണ് കുട്ടിയുടെ പരാതി.
മർദ്ദനത്തില്‍ വിദ്യാർത്ഥിയുടെ ഇടതു കണ്ണിന് താഴെ പരിക്കേറ്റിട്ടുണ്ട്. അധ്യാപകർ തന്നെ ‘ഗുണ്ട’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും വിദ്യാർത്ഥി ആരോപിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ തുടർന്ന് നെന്മാറ പോലീസ് എത്തി വിദ്യാർത്ഥിയുടെയും അധ്യാപകന്റെയും മൊഴിയെടുത്തു. എന്നാല്‍ പോലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതായി പോലീസ് അറിയിച്ചു.
