Latestകേരളം

മട്ടന്നൂരിൽ മാല പൊട്ടിക്കാൻ ശ്രമം; പ്രതികൾ അറസ്റ്റിൽ

കണ്ണൂർ : മട്ടന്നൂരിൽ സ്കൂട്ടറിലെത്തി യുവതിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പള്ളി സ്വദേശി അനസ് പി.വി. (29), കൊയിലാണ്ടി സ്വദേശി സൂര്യൻ എസ്.എസ്. (26) എന്നിവരാണ് പിടിയിലായത്.

ജൂൺ 30-ന് മട്ടന്നൂർ പഴശ്ശി എളക്കുഴിയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂട്ടറിലെത്തിയ പ്രതികൾ യുവതിയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ വീടുകളിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.

പിടിയിലായ ഇരുവരും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം കൂത്തുപറമ്പ് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

കൂത്തുപറമ്പ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ബി. ടോം, മട്ടന്നൂർ ഇൻസ്പെക്ടർ ബിജു കെ.ആർ. എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.