Latestദേശീയം

കാർ പുഴയിലേക്ക് മറിഞ്ഞ് അധ്യാപകനും മക്കളും മരിച്ചു; ജീവനൊടുക്കിയതെന്ന് നിഗമനം

ഛത്രപതി : സംഭാജിനഗർ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ അധ്യാപകനും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന കാര്‍ ഗോദാവരി പുഴയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. അധ്യാപകന്‍ മക്കളോടൊപ്പം ജീവനൊടുക്കിയതാണെന്ന് പൊലീസ് സംശയിക്കുന്നു. ഹിമായത്ത് നഗറിലെ പോട്ട ബദ്‌റക് ജില്ലാ പരിഷത്ത് സ്‌ക്കൂളിലെ അധ്യാപകനായ സുനില്‍ മോറെ(42),മകള്‍ സാറ (12), മകന്‍ സുമിത്(8) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. സുനില്‍ ഓടിച്ചിരുന്ന കാര്‍ ഗോദാവരി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ സൈഡ് മെറ്റല്‍ റെയിലിംഗുകള്‍ തകര്‍ക്ക് പുഴയിലേക്ക് വീഴുകയായിരുന്നു. സുനില്‍ കാര്‍ മനഃപൂര്‍വ്വം നദിയിലേക്ക് ഇടിച്ചിറക്കിയതാണെന്നാണ് പൊലീസിന്റെ സംശയം

തന്റെ മേലുദ്യോഗസ്ഥരില്‍ നിന്നും കടുത്ത പീഡനം നേരിടുന്നുണ്ടെന്നും മക്കളൊടൊപ്പം ജീവന്‍ അവസാനിപ്പിക്കുകയാണെന്നും സുനില്‍ വാട്‌സ്ആപ്പില്‍ സ്റ്റാറ്റസിലൂടെ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്നും കാറും അതിനുള്ളില്‍ മൃതദേഹങ്ങളും കണ്ടെത്തിയത്. സുനില്‍ തന്റെ വാട്‌സാപ്പ് സ്റ്റാറ്റസില്‍ പങ്കുവെച്ച പീഡന ആരോപണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.