Latestകേരളം

കണ്ണൂർ വാരത്ത് നിർത്തിയിട്ട പിക്കപ്പ് വാനിൽ സ്കൂട്ടർ ഇടിച്ചുകയറി; അമ്മയ്ക്കും കുഞ്ഞിനും സ്കൂട്ടർ യാത്രികനും പരിക്ക്

കണ്ണൂർ വാരത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലേക്ക് സ്കൂട്ടർ നിയന്ത്രണം വിട്ട് ഇടിച്ചുകയറി അമ്മയ്ക്കും കുഞ്ഞിനും സ്കൂട്ടർ യാത്രികനും പരിക്കേറ്റു. ഇന്നലെ രാത്രി 8:30-ഓടെ വാരത്തെ സി.എച്ച്. ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം.

​കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കുടുംബം, ഡോക്ടറെ കണ്ട ശേഷം അമ്മയും കുഞ്ഞും പിക്കപ്പ് വാനിനുള്ളിൽ ഇരിക്കുകയായിരുന്നു. ഈ സമയം കുട്ടിയുടെ പിതാവ് മരുന്ന് വാങ്ങാനായി ആശുപത്രിക്കുള്ളിലേക്ക് പോയതായിരുന്നു. കണ്ണൂർ ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ എം.എച്ച്. രജിസ്ട്രേഷനിലുള്ള സ്കൂട്ടറാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പിൽ ഇടിച്ചുകയറിയത്.

​ഇടിയുടെ ശക്തിയിൽ സ്കൂട്ടർ പിക്കപ്പിന്റെ ബോണറ്റിന് മുകളിലേക്ക് കയറുകയും വാനിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായി തകരുകയും ചെയ്തു. ചില്ല് പൊട്ടിത്തെറിച്ചാണ് പിക്കപ്പിലുണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. അപകടത്തിൽ സ്കൂട്ടർ യാത്രികനും സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മൂവരെയും ഉടൻതന്നെ ചാലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.