മദ്യപിച്ച് വാഹനം ഓടിച്ച കേസ്: ഹെലൻ ഓഫ് സ്പാർട്ടയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു, പരിശീലന ക്ലാസിൽ പങ്കെടുക്കണം
കാസർകോട് : മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയുടെ (എസ്.ആർ. ധന്യ) ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കണം.
കഴിഞ്ഞ മാസമാണ് മദ്യപിച്ച് വാഹനമോടിച്ചതിനു ധന്യയ്ക്കെതിരേ പൊലീസ് കേസെടുത്തത്. ദേശീയപാതയിൽ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയിൽ ധന്യയുടെ കാർ ദേശീയപാതയിൽ നിർത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്. എന്നാൽ, പൊലീസ് എത്തിയതോടെ കാർ അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽവച്ച് പൊലീസ് കാർ പരിശോധിച്ചതോടെയാണ് ധന്യ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ താൻ ബിയർ കഴിച്ചിരുന്നതായി ധന്യ സമ്മതിച്ചിരുന്നു.
‘ഒരു പരിപാടിക്കിടയില്‍ ഒരു ബീയര്‍ അടിച്ചിരുന്നു. വണ്ടി ഓടിക്കാന്‍ പാടില്ലായിരുന്നു. എന്റെ വീടിന്റെ മുന്നിലാണ് വാഹനം നിര്‍ത്തിയത്. മദ്യപിച്ചിരുന്നോയെന്ന് പൊലീസ് ചോദിച്ചു. അതെയെന്ന് സമ്മതിക്കുകയും ചെയ്തു. ഊതിയപ്പോള്‍ അത് തെളിയുകയും ചെയ്തു. കോടതിയില്‍ പെറ്റിയടച്ചാല്‍ മതിയെന്ന് വളരെ വ്യക്തമായി പറഞ്ഞു. ഞാനും കൂടി ആലോചിക്കേണ്ടതായിരുന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ ഖേദിച്ചിട്ട് കാര്യമില്ല. കാര്യങ്ങളുടെ ഗൗരവം പറഞ്ഞുതന്ന് പൊലീസ് പോയി. എന്റെ വണ്ടിയും ഞാനും അവിടെ തന്നെയുണ്ടായിരുന്നു. വാഹനം ചെക്ക് ചെയ്യാമെന്ന് പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായി സംഭവം നടന്നിട്ട്. വാഹനം പിടിച്ചുകൊണ്ടുപോയിട്ടില്ല. ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചതിനു പെറ്റി എങ്ങനെയാണോ വരുന്നത് ആ പെറ്റി ആണ് എനിക്ക് വന്നിട്ടുള്ളത്. സ്പാര്‍ട്ട ഉപയോഗിച്ചത് മദ്യമല്ലെന്ന് ചിലരെങ്കിലും കമന്റ്ബോക്സില്‍ പറഞ്ഞിരുന്നു. 3,550 രൂപ കൊടുത്ത് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ പരിശോധന നടത്തി. അയ്യപ്പ ബൈജുവൊന്നുമല്ല ഞാന്‍. ഇനി ആവര്‍ത്തിക്കില്ല. എന്റെ ഭാഗത്താണ് തെറ്റ്. അയാം വെരി വെരി സോറി’’ – എന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ ധന്യ പറഞ്ഞിരുന്നത്.
