ഭൂമിയുടെ രേഖകള്‍ ലഭിച്ചില്ല;കാസർകോട് മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി;അഗ്നിരക്ഷാസേന താഴെയിറക്കി
കാസർകോട് : കാസർകോട് മൊബൈൽ ടവറിൽ കയറി വയോധികന്റെ ആത്മഹത്യാ ഭീഷണി.വയോധികനെ അഗ്നിരക്ഷാസേന സാഹസികമായി താഴെയിറക്കി. പി.കെ. മോഹൻദാസ് (70) നെയാണ് കാസർകോട് അഗ്നിരക്ഷാ സേന സുരക്ഷിതമായി താഴെയിറക്കിയത്.
കൈവശഭൂമിയുടെ രേഖകൾ ലഭിക്കാത്തതിനെ തുടർന്ന് 27 വർഷമായി വിവിധ ഓഫീസുകളിൽ കയറിയിറങ്ങിയിട്ടും പരിഹാരം ലഭിച്ചില്ലെന്ന പരാതിയിലാണ് മോഹൻദാസ് ആത്മഹത്യാ ഭീഷണിയുമായി ടവറിൽ കയറിയതെന്നാണ് വിവരം.
വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ ഡോ. ഹർഷയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന മോഹൻദാസിനെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ആദ്യം വഴങ്ങിയില്ല.
തുടർന്ന് പരാതി നൽകിയ രേഖയിൽ ഉൾപ്പെട്ട മൊബൈൽ നമ്പർ കണ്ടെത്തി മോഹൻദാസുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട് ശ്രദ്ധ തിരിക്കുകയായിരുന്നു. ഈ സമയത്ത് ലഭിച്ച അവസരം ഉപയോഗിച്ച് സ്റ്റേഷൻ ഓഫീസറുടെ നിർദേശപ്രകാരം സേനാംഗങ്ങളായ ജിജോ ജെ.ബി., അതുൽ രവി, ഇ. പ്രസീദ്, പ്രണവ് എന്നിവർ സുരക്ഷാ സംവിധാനങ്ങളോടെ ടവറിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി നിയന്ത്രണത്തിലാക്കി.
തുടർന്ന് സീനിയർ ഓഫീസർ എച്ച്. ഉമേശൻ സുരക്ഷാ ഉപകരണങ്ങളുമായി ടവറിന് മുകളിൽ കയറി മോഹൻദാസിനെ സുരക്ഷിതമായി താഴെയിറക്കി.
ശാരീരികമായ മറ്റ് അവശതകളില്ലെന്ന് ഉറപ്പാക്കിയ ശേഷം മോഹൻദാസിനെ ബദിയടുക്ക പൊലീസിന് കൈമാറി.
