Latestകേരളം

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 23 മുതൽ 25 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലുള്ള തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് സെപ്റ്റംബർ 23 രാത്രി മുതൽ 24 പുലർച്ചെയോടെ വടക്കൻ ആന്ധ്രാപ്രദേശിനും തെക്കൻ ഒഡീഷയ്ക്കുമിടയിലൂടെ കരതൊടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 23, 24 തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

പ്രത്യേക ജാഗ്രത നിർദേശം

തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യം സെപ്റ്റംബർ 24 വൈകുന്നേരം വരെ തുടരാനിടയുണ്ട്.

തെക്കൻ ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. പശ്ചിമ ബംഗാൾ, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റിന് സാധ്യതയുണ്ട്.