ഗർഭിണിയായ കൌമാരക്കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ
ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ കൌമാരക്കാരിയായ മകളെ നദിയിൽ മുക്കിക്കൊന്ന് അച്ഛൻ. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് നാണക്കേട് ഭയന്നുള്ള കൊലപാതകം നടന്നത്. 18കാരിയായ മകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നുമാണ് ഗർഭിണിയായത്. സംഭവത്തിൽ 52കാരനായ അച്ഛനും ബന്ധുവും അറസ്റ്റഇലായി. ആഗ്രയിലെ ചമ്പൽ നദിയിൽ ജൂലൈ 31ആയിരുന്നു കൊലപാതകം നടന്നത്.
ഗർഭിണിയായ മകളെ ചികിത്സയ്ക്കായി കൊണ്ടുപോവുന്നുവെന്ന പേരിലാണ് അച്ഛനും ബന്ധുവും ആഗ്രയിലേക്ക് കൊണ്ടു പോയത്. ആഗ്രയിൽ ബന്ധുവിന്റെ വീട്ടിൽ താമസിച്ച ശേഷം തൊട്ടടുത്ത ദിവസം നദിയിൽ മുക്കി കൊല്ലുകയായിരുന്നു. നദിക്കരയിൽ വച്ച് മകളോട് വെള്ളത്തിലേക്ക് ചാടി ജീവനൊടുക്കാൻ അച്ഛൻ ആവശ്യപ്പെട്ടു. മകൾ വഴങ്ങാതെ വന്നതോടെയായിരുന്നു കൊലപാതകം. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൌനി ഗ്രാമവാസിയാണ് കൊല്ലപ്പെട്ടത്. മകൾ ആഗ്രയിൽ വെച്ച് മരിച്ചുവെന്നും അവിടെവെച്ചുതന്നെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്നുമാണ് ഇയാൾ അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ സംശയം തോന്നിയ അയൽവാസി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
