Latest Newsകേരളം

കാർ പോർച്ചില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അമ്മയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

തൃശൂർ. കാർ പോർച്ചില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അമ്മയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കുണ്ടുകടവ് കോഴിപ്പറമ്പില്‍ പരേതനായ ചെറിയാൻ്റെ ഭാര്യ ഡോളി(69)യാണ് മരിച്ചത്.

മകൻ ബെൻഹറിനെ(46) പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കുറേ നാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാള്‍ ലഹരിക്ക് അടിമയാണന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. വീടിന്റെ മതില്‍കെട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കരാറുകാരനുമായി കാർ പോർച്ചില്‍ സംസാരിച്ച്‌ നില്‍ക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ,

അമ്മയുടെ കഴുത്തില്‍ ബെൻഹർ കത്തികൊണ്ട് കുത്തുകയായിരുന്നു. വീട്ടിനകത്തുവച്ചും തലയില്‍ പലതവണ വെട്ടി. സ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി. അയല്‍വാസികള്‍ തൃശൂർ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോളിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം വീട്ടില്‍ തന്നെ ഇരുന്ന ബെൻഹറിനെ പാവറട്ടി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെക്കുറിച്ച്‌ അമ്മ മറ്റുള്ളവരോട് കുറ്റം പറഞ്ഞുവെന്ന് തോന്നിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. വിഷാദരോഗത്തിന് ഇയാള്‍ മരുന്ന് കഴിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെൻഹർ അവിവാഹിതനാണ്. ജോലിയില്ല. മുൻപ് ഒരു കടയിട്ടുകൊടുത്തിരുന്നെങ്കിലും അത് നടത്താനായില്ല.