കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ മൃതദേഹം കണ്ടെത്തി
കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥി ബിലാലിന്റെ (12) മൃതദേഹം കണ്ടെത്തി.കൊതുമുക്ക് പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. രണ്ടു ദിവസമായി കുട്ടിക്കായി നടത്തിവന്ന വ്യാപകമായ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
പടനായർകുളങ്ങര തെക്ക് അറയ്ക്കല്‍ വീട്ടില്‍ നൗഷാദ് – ഷെമീമ ദമ്പതികളുടെ മകനാണ് മരിച്ച ബിലാല്‍. പടനായർകുളങ്ങര തെക്ക് ഗവ. വെല്‍ഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഫുട്ബോള്‍ കളിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി.
വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലില്‍ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്ന് ബിലാലിന്റെ സൈക്കിളും ചെരിപ്പും കണ്ടെത്തുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസില്‍ വിവരം അറിയിച്ചു.
