ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായി; ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി യുവതി
ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരില്‍ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി.ഉത്തർപ്രദേശിലെ ഗോരഖ്‌പൂരില്‍ നിന്നുള്ള യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മൂന്ന് വർഷം മുൻപാണ് പരാതിക്കാസ്‌പദമായ സംഭവമുണ്ടായത്.
ഡല്‍ഹി സ്വദേശിയായ നിഖില്‍ മിശ്രയാണ് യുവതിയുടെ ഭർത്താവ്. 2023 മേയില്‍ വിവാഹിതരായ ദമ്പതികള്‍ ആൻഡമാൻ നിക്കോബാർ ദ്വീപിലേക്കായിരുന്നു ഹണിമൂണ്‍ യാത്ര നടത്തിയത്. ഇതിനിടെ യുവതിക്ക് ആർത്തവമുണ്ടായതില്‍ പ്രകോപിതനായ നിഖില്‍ അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. നിലവിളി കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ജീവൻ രക്ഷിച്ചതെന്നും പരാതിയില്‍ പറയുന്നു. നിഖിലിന്റെ മാതാവും സഹോദരിയും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.വിവാഹസമയത്ത് പിതാവ് 20 ലക്ഷം രൂപയും ഒരു കാറും ഏകദേശം 40 ലക്ഷം രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കളും സമ്മാനമായി നല്‍കിയതായും പരാതിക്കാരി അവകാശപ്പെട്ടു. സ്ത്രീധനമായി നല്‍കിയ വസ്തുക്കളുടെ പേരില്‍ ഭർതൃവീട്ടുകാർ തന്നെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
ജൂലായ് നാലിനാണ് ദമ്പതികള്‍ ആൻഡമാൻ ദ്വീപിലെത്തിയത്. ആർത്തവമുണ്ടായതിനെത്തുടർന്ന് കഠിനമായ വയറുവേദനയും രക്തസ്രാവവും അനുഭവപ്പെട്ടു. ആർത്തവത്തെക്കുറിച്ച് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്ന് പറഞ്ഞായിരുന്നു നിഖില്‍ പ്രകോപിതനായത്. തന്റെ മൂഡ് കളഞ്ഞുവെന്ന് പറഞ്ഞായിരുന്നു മർദ്ദിച്ചതെന്നും യുവതി വെളിപ്പെടുത്തി. മടങ്ങിയെത്തിയതിനുശേഷം നിഖിലിന്റെ മാതാവിനോടും സഹോദരിയോടും ഇക്കാര്യം പറഞ്ഞപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു.
