Latestകേരളം

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്; സെപ്റ്റംബർ 26 മുതൽ അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾക്ക് നിയന്ത്രണം

മുംബൈ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച ത്രിദിന പണിമുടക്ക് സെപ്റ്റംബർ 28 മുതൽ 30 വരെ നടക്കും. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ആയതിനാൽ സെപ്റ്റംബർ 26 മുതൽ 30 വരെ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.

ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ സേവനങ്ങൾ നേരത്തെ തന്നെ പൂർത്തിയാക്കണമെന്ന് ബാങ്ക് അധികൃതർ നിർദേശിച്ചു. അവധി ദിവസങ്ങളിലും ഓൺലൈൻ ബാങ്കിങ് സേവനങ്ങൾ ലഭ്യമാകും.

BEFI, AIBEA, AIBOC, NCBE അടക്കമുള്ള ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ UFBU ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 11ന് നടത്തിയ പണിമുടക്കിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. RBI, SEBI തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ ബാങ്കുകളിലും അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

2024 മാർച്ചിൽ തന്നെ അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കാൻ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല. വിഷയത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത യോഗം ഒക്ടോബർ 15ന് നടക്കും.