Latestദേശീയം

ഷാർജയിൽ കർണാടക സ്വദേശി കാറിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെയും മകനെയും കാണാനില്ല

കര്‍ണാടക സ്വദേശിയായ യുവാവിനെ ഷാര്‍ജയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒമ്പത് കഷണമായി മുറിച്ച നിലയിലാണ് അല്‍വിന്‍ പ്രകാശ് കുന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. ജൂലൈയില്‍ നടന്ന കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അല്‍വിന്‍ പ്രകാശിന്റെ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് കുടുംബം രംഗത്തെത്തിയതോടെയാണ് മരണവിവരം പുറത്തറിയുന്നത്. അതതേസമയം അല്‍വിന്റെ മരണത്തിന് ശേഷം ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒമാനിലേക്ക് പോകുന്ന വഴിക്കുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്ത് വെച്ച ഒരു കാറില്‍ നിന്നുമാണ് അല്‍വിന്റെ മൃതദേഹം കണ്ടെത്തിയത്. അല്‍വിന്റെ മൃതദേഹം ഒമ്പത് കഷണമാക്കി രണ്ട് ബാഗിലാക്കി കെട്ടിവെച്ചിരിക്കുകയായിരുന്നുവെന്നാണ് സഹോദരന്‍ അനില്‍ പ്രശാന്ത് കുന്ദര്‍ പറയുന്നത്. താന്‍ ജൂലൈ 20ന് അല്‍വിന്‍ പ്രകാശിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഫോണ്‍ എടുക്കുന്നതിന് പകരം താന്‍ സുഖമായിരിക്കുന്നു എന്ന സന്ദേശമാണ് അല്‍വിന്‍ അയച്ചതെന്നും അനില്‍ പ്രശാന്ത് പറഞ്ഞു.

അല്‍വിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് യുഎഇയിലെ നിയമനടപടികള്‍ അവസാനിക്കാന്‍ കാത്തിരിക്കുകയാണ് കുടുംബം. 14 വര്‍ഷമായി അല്‍വിന്‍ പ്രകാശ് ഷാര്‍ജ വിമാനത്താവളത്തിലാണ് ജോലി ചെയ്യുന്നത്. ടീനയ്ക്കും 10ാം ക്ലാസില്‍ പഠിക്കുന്ന മകനുമൊപ്പം യുഎഇയില്‍ സ്ഥിരതാമസമായിരുന്നു അല്‍വിന്‍. ടീന ഒരു സ്‌കൂള്‍ ടീച്ചറാണ്.