Latestകേരളം

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ കവര്‍ച്ച; മോഷ്ടിച്ച ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായ തൊണ്ടിമുതലായ ഹാന്‍സ് ചാക്കുകള്‍ കണ്ടെത്തി. പ്രതിയായ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് ചാക്കുകള്‍ കണ്ടെത്തിയത്.

സ്റ്റേഷനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള പൊലീസ് ക്വാട്ടേഴ്‌സില്‍ നിന്നാണ് തൊണ്ടി മുതല്‍ കണ്ടെത്തിയത്. കേസെടുത്തതിന് തൊട്ടടുത്ത ദിവസം ഹാന്‍സ് ചാക്കുകള്‍ പൊലീസ് ക്വാട്ടേഴ്‌സില്‍ എത്തിച്ചുവെന്നാണ് പ്രതിയുടെ മൊഴി. പുറത്ത് നിന്ന് സബിത്തിന് സഹായം ലഭിച്ചുവെന്നും പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നത്.

കേസെടുത്തിന് പിന്നാലെയുള്ള ദിവസം പുലച്ചെയാണ് തൊണ്ടിമുതല്‍ ഇയാള്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചത്. സ്റ്റേഷനില്‍ നിന്നും ഒറ്റയ്ക്കാണ് ഇയാള്‍ ചാക്കുകള്‍ പുറത്തെത്തിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

ഒളിവില്‍ പോയ പ്രതിയെ കളമശ്ശേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ബത്തേരി സ്റ്റേഷനിലെ പ്രോപര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ ഏഴ് ചാക്കുകളാണ് മോഷണം പോയത്.അന്വേഷണത്തിനിടെ സബിത്തിന് സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

കഴിഞ്ഞ ജൂണില്‍ പൊലീസ് പിടികൂടി ബത്തേരി സ്റ്റേഷനില്‍ സൂക്ഷിച്ച പുകയില ഉത്പന്നങ്ങളാണ് സാമ്പിത്ത് കടത്തിയത്. സെപ്റ്റംബര്‍ 10ന് പ്രോപ്പര്‍ട്ടി റൂം വൃത്തിയാക്കാനായി തുറന്നപ്പോഴാണ് തൊണ്ടി മുതല്‍ നഷ്ടമായ കാര്യം അറിഞ്ഞത്