Latestഗൾഫ്

വേനൽക്കാലത്തെ തൊഴിൽ വിലക്ക് നിയമം ലംഘിച്ചു; ഖത്തറിൽ 388 വർക്ക് സൈറ്റുകൾക്കെതിരെ നടപടി

തുറസ്സായ സ്ഥലങ്ങളിലെ തൊഴിൽ വിലക്ക് ലംഘിച്ച 388 നിർമ്മാണ സൈറ്റുകൾക്കെതിരെ നടപടിയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. വേനൽച്ചൂടിൽ നിന്നുള്ള സൂര്യാഘാതവും ആരോഗ്യ പ്രശ്നങ്ങളും തടയുന്നതിനായാണ് ഖത്തർ ഉച്ചസമയങ്ങളിൽ തൊഴിൽവിലക്ക് ഏർപ്പെടുത്തിയത്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിലാണ് ചിലയിടങ്ങളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. നിയമ നടപടികളുടെ ഭാഗമായി ഈ ജോലി സ്ഥലങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു.

തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന നടപടികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടിയെടുക്കുമെന്ന മന്ത്രാലയത്തിന്റെ ഉറച്ച നിലപാടാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഈ നടപടിയെന്നും തൊഴിലാളികളുടെ സുരക്ഷ അപകടത്തിലാക്കുന്ന സംഭവങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്നും തൊഴിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.