സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ് തുടരുകയാണ്. ഇന്ന് മാത്രം പവന് 1,240 രൂപയാണ് കുറഞ്ഞത് . ഇതോടെ 22 കാരറ്റ് സ്വർണം ഒരു പവന് 1,05,880 രൂപയും ഗ്രാമിന് 155 രൂപയുടെ ഇടിവോടെ 13,235 രൂപയിലുമാണ് വ്യപാരം പുരോഗമിക്കുന്നത്. ഇതോടെ ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നില തൊട്ടിരിക്കുകയാണ് വില. പത്താം തിയതി രേഖപ്പെടുത്തിയ 1,11,040 എന്ന നിരക്കാണ് ഒക്ടോബർ മാസത്തിലെ ഉയർന്ന വില നിലവാരം. അവിടെ നിന്നും 5,160 രൂപയുടെ കുറവാണ് വിലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യാന്തര തലത്തിലെ സ്വർണ വിലയിലുണ്ടായ ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. നിലവിൽ ട്രോയ് ഔൺസിന് 4,088 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുത്തനെ താഴുന്നതിന് പിന്നിൽ അമേരിക്കയിലെ പണപ്പെരുപ്പവും പലിശനിരക്കുമായി ബന്ധപ്പെട്ട ആശങ്കകളുമാണ് പ്രധാന കാരണങ്ങൾ.
