Latestകേരളം

ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് കാസർകോട്ടേക്ക്

തിരുവനന്തപുരം: മലബാർ മേഖലയിലേക്കുള്ള രാത്രികാല റെയിൽ യാത്രാദുരിതത്തിന് ആശ്വാസമേകുന്ന തീരുമാനവുമായി ദക്ഷിണ റെയിൽവേ. ആലപ്പുഴയിൽനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടാനാണ് തീരുമാനം. മധ്യകേരളത്തിൽനിന്ന് വടക്കൻ മലബാറിലേക്ക് രാത്രികാല യാത്രാസൗകര്യം മെച്ചപ്പെടുത്താൻ ഈ നടപടി സഹായകമാകും.

എറണാകുളം, തൃശൂർ, കോഴിക്കോട് മേഖലകളിൽനിന്ന് രാത്രിയിൽ കണ്ണൂരിനപ്പുറത്തേക്ക് യാത്ര ചെയ്യാൻ ആവശ്യമായ ട്രെയിൻ സൗകര്യമില്ലാത്തത് ദീർഘകാലമായി യാത്രക്കാർ നേരിടുന്ന പ്രശ്നമാണ്. നിലവിൽ രാത്രി 12.10ഓടെ കണ്ണൂരിൽ സർവീസ് അവസാനിക്കുന്നതിനാൽ പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ കണ്ണൂരിൽ ഇറങ്ങി തുടർയാത്രയ്ക്കായി ബസുകളെ ആശ്രയിക്കേണ്ടിവരുന്നു.

ആലപ്പുഴയിൽനിന്ന് വൈകിട്ട് 3.50ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 5.08ന് എറണാകുളം ജങ്ഷനിലും 5.23ന് എറണാകുളം ടൗണിലും എത്തും. രാത്രി 10.22ഓടെ കോഴിക്കോട് എത്തുന്ന ട്രെയിൻ നിലവിൽ രാത്രി 12.10ഓടെയാണ് കണ്ണൂരിലെത്തുന്നത്.

സർവീസ് കാസർകോട്ടേക്ക് നീട്ടുന്നതോടെ കണ്ണൂരിനും കാസർകോടിനും ഇടയിലുള്ള പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലേക്കും രാത്രികാല ട്രെയിൻ സൗകര്യം ലഭ്യമാകും. ഇത് വടക്കൻ മലബാറിലേക്ക് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും.

ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമായിരിക്കും കാസർകോട്ടേക്കുള്ള സർവീസ് ഔദ്യോഗികമായി ആരംഭിക്കുക