Latestകണ്ണൂര്‍കേരളം

അടുത്തിലയിൽ വീട്ടമ്മയെ ഇടിച്ചിട്ട് നിർത്താതെ പോയ ചെങ്കൽ ലോറി പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വീട്ടമ്മയെ ഇടിച്ചിട്ട് നിർത്താതെ പോയ ചെങ്കൽ ലോറിയും ഡ്രൈവറും പിടിയിൽ. മലപ്പുറം വാളക്കുളം കോഴിച്ചെന സ്വദേശി കെ. പ്രവീൺ (35) ആണ് അറസ്റ്റിലായത്. അപകടത്തിൽ അടുത്തില പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന പി.കെ. സുലോചന (52) മരിച്ചിരുന്നു.

രാവിലെ 5.45ഓടെയായിരുന്നു അപകടം. കെ.എൽ. 65 വി. 0253 നമ്പർ മിനി ലോറി സുലോചനയെ ഇടിച്ച ശേഷം റോഡരികിലെ കൈവരിയും തകർത്ത് നിർത്താതെ പോയി. പിന്നീട് ചെങ്കൽ കയറ്റി യാത്ര തുടർന്ന ലോറിയെ കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിക്ക് പിന്നിൽനിന്ന് പരിയാരം പോലീസ് ഇൻസ്പെക്ടർ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

അപകടസ്ഥലത്തുനിന്ന് 30ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ലോറി തിരിച്ചറിഞ്ഞത്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സുലോചനയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് രാവിലെ 6.15ഓടെ റോഡരികിൽ രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.