ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ അട്ടിമറി, ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: പിഎസ് സി നടത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ ബോധപൂര്‍വമായ അട്ടിമറി നടന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം പറയുന്നത്. ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയാണ് മൂല്യനിര്‍ണയത്തിന് നല്‍കിയത്. മൂല്യനിര്‍ണയത്തിന് ശേഷം ഒഴിവാക്കിയവ നിലനിര്‍ത്തി ഓണ്‍ലൈന്‍ ക്യാമ്പ് ക്ലോസ് ചെയ്തുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായ സതീഷ്, കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലുള്ള പിഎസ് സി അഡീഷണല്‍ സെക്രട്ടറി ആര് ഹരി എന്നിവര്‍ക്ക് ക്രമക്കേടിനെപ്പറ്റി അറിയാമായിരുന്നു. ഇവര്‍ക്കായിരുന്നു ഓണ്‍ലൈന്‍ ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നു. ഇഷ്ടക്കാര്‍ക്ക് നിയമനം നല്കാന് വേണ്ടിയാണ് ബോധപൂര്‍വം ചോദ്യങ്ങള്‍ ഒഴിവാക്കിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അഡീഷണല്‍ സെക്രട്ടറി ഹരി പിഎസ് സി ചെയര്മാന് ഡോ. എം ആര് ബൈജുവിന്റെ അടുത്ത ആളാണെന്നും ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിട്ടുണ്ട്.
